
തിരുവനന്തപുരം: സിപിഐ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെപിഎംസിൽ അതൃപ്തി രൂക്ഷമാകുന്നു. സിപിഐ മത്സരിക്കുന്ന പട്ടികജാതി റിസർവേഷൻ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് കെപിഎംസിലെ വിവിധ വിഭാഗം നേതാക്കളിലും അണികളിലും അമർഷം ശക്തമാകുന്നത്. സമുദായത്തിന്റെ താത്പര്യങ്ങൾ പാർട്ടി തുടർച്ചയായി അവഗണിക്കുന്നു എന്ന വികാരമാണ് കെപിഎംസ് വിഭാഗത്തിനുള്ളത്. ചിറയിൻകീഴ്, അടൂർ, വൈക്കം, നാട്ടിക എന്നീ സംവരണ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. എന്നാൽ, ഈ മണ്ഡലങ്ങളിൽ ഒന്നിലും കെപിഎംസ് വിഭാഗത്തിന്റെ താത്പര്യങ്ങൾ പരിഹഗണിക്കപ്പെടുന്നില്ല എന്ന വിമർശനം വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കുവെക്കുന്നു.
സിപിഐയുടെ അംഗബലത്തിൽ വലിയൊരു വിഭാഗം പട്ടികജാതിയാണ്. ഒരുകാലത്ത് സിപിഐയുടെ ബഹുജന സംഘടന എന്ന നിലയിലാണ് കെപിഎംഎസ് പ്രവർത്തിച്ചിരുന്നത്. മുൻമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി കെ രാഘവന്റെ മരണം വരെ കെപിഎംഎസ് എന്നാൽ സിപിഐ തന്നെയായിരുന്നു. പി കെ രാഘവന്റെ മരണത്തോടെ പക്ഷേ സിപിഐയും കെപിഎംഎസും അകന്നു. പി കെ രാഘവന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അത്തരമൊരു അകൽച്ചയിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ കെപിഎംഎസ് പിളരുകയും പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കെപിഎംസ് സിപിഐയോട് അകലം പാലിക്കുകയും ചെയ്തിരുന്നു. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സാക്ഷാൽ പി കെ രാഘവന്റെ മകൻ ആർ എസ് അനിലിനെ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയാക്കി. എന്നാൽ, പരമ്പരാഗത സിപിഐ വോട്ട് ബാങ്കായിരുന്ന കെപിഎംഎസ് അക്കുറി തങ്ങളുടെ പ്രിയ നേതാവിന്റെ മകനെതിരായി നിലപാടെടുത്തു. അന്ന് 48048 വോട്ടുകൾക്കാണ് കൊടിക്കുന്നിൽ സുരേഷിനോട് ആർ എസ് അനിൽ പരാജയപ്പെടുന്നത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ആർ എസ് അനിലിന്റെ പരാജയം കെപിഎംസിൽ വലിയൊരു വിഭാഗത്തിന് ഉൾക്കൊള്ളാനാകുമായിരുന്നില്ല. അക്കാലത്ത് കോൺഗ്രസിനോട് വ്യക്തമായ അടുപ്പം പുലർത്തിയിരുന്ന കെപിഎംഎസ് പിന്നീട് ഇടതുപക്ഷത്തോടുള്ള തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തി. കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷവുമായി സഹകരിക്കാൻ കെപിഎംഎസ് തയ്യാറായിരുന്നു. എന്നാൽ, അപ്പോഴൊന്നും പഴയ വൈരാഗ്യം സിപിഐ നേതൃത്വം മനസിൽ നിന്നും കളഞ്ഞിട്ടില്ല എന്നാണ് കെപിഎംഎസിന്റെ പരിഭവം.
ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ കെപിഎംഎസ് വിഭാഗത്തിൽപെട്ടയാളെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ തയ്യാറായില്ല. കേരളത്തിൽ സിപിഐ മത്സരിക്കുന്ന പട്ടികജാതി സംവരണ സീറ്റായിരുന്നു മാവേലിക്കര. മണ്ഡലത്തിലെ വോട്ടർമാരിൽ നല്ലൊരു ശതമാനം കെപിഎംഎസ് വിഭാഗത്തിലുള്ളവരായിട്ടും തണ്ടാർ സമുദായത്തിൽപെട്ട അരുൺ കുമാറിനെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു സിപിഐ നേതൃത്വം തീരുമാനിച്ചത്. തണ്ടാർ സമുദായ സംഘടനകൾ അരുൺകുമാറിനായി പരസ്യമായി വോട്ട് പിടിക്കാൻ ഇറങ്ങിയതും അന്ന് കെപിഎംസിനെ ചൊടിപ്പിച്ചിരുന്നു.
സിപിഐയുമായുള്ള പഴയ പരിഭവം പറഞ്ഞുതീർക്കുക എന്നതും കെപിഎംഎസ് വിഭാഗങ്ങളുടെ ഏകീകരണവും സിപിഐക്കാരായ സമുദായ അംഗങ്ങളുടെ സ്വപ്നമാണ്. കെപിഎംഎസ് വിഭാഗങ്ങളുടെ ഏകീകരണത്തിൽ സിപിഐക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് സംഘടനകളിലെ നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നുണ്ട്. സമുദായ അംഗങ്ങൾക്ക് സംഘടനയുടെ ശക്തി വ്യക്തമാക്കി തന്ന പി കെ രാഘവന്റെ പാർട്ടിയെ തള്ളിക്കളയാൻ അവർ തയ്യാറല്ല. എന്നാൽ, സിപിഐ നേതൃത്വം ഇപ്പോഴും തങ്ങളെ അകറ്റി നിർത്തുകയാണ് എന്ന വികാരം കെപിഎംസ് വിഭാഗങ്ങളിൽ ശക്തിപ്പെടുകയാണ്.
ചിറയിൻകീഴ്, വൈക്കം മണ്ഡലങ്ങളിൽ കെപിഎംഎസ് വിഭാഗങ്ങൾ നിർണായക വോട്ട് ബാങ്കാണ്. നാട്ടികയിലും അടൂരിലും വിജയം നിർണയിക്കാൻ കഴിയുന്ന വോട്ട് ഈ വിഭാഗത്തിനുണ്ട്. എന്നാൽ, ചിറയിൻകീഴിൽ മനോജ് ബി. ഇടമന, അടൂരിൽ സി.എ. അരുൺകുമാർ, വൈക്കത്ത് പി. പ്രദീപ്, നാട്ടികയിൽ സിറ്റിംഗ് എംഎൽഎ സി. സി മുകുന്ദൻ എന്നിവരുടെ പേരുകളാണ് സിപിഐ നേതൃത്വം പരിഗണിക്കുന്നത്. ഇതിൽ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നാണ് കെപിഎംസിലെ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാർട്ടി അംഗങ്ങളിൽ മഹാഭൂരിപക്ഷം കെപിഎംഎസ് വിഭാഗത്തിലുള്ളവരായിട്ടും പാർട്ടി നേതൃത്വം അവഗണിക്കുന്നു എന്ന വികാരം ഇവർക്കിടയിൽ ശക്തമാണ്.
ഒരുകാലത്ത് ജനറൽ സീറ്റിൽ പട്ടികജാതിക്കാരനെ നിർത്തി വിജയിപ്പിച്ച പാർട്ടിയാണ് സിപിഐ. ചാത്തൻ മാസ്റ്ററുടെയും പി കെ രാഘവന്റെയും നേതൃത്വത്തിൽ പുലയ വിഭാഗത്തെ അപ്പാടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിക്കീഴിൽ അണിനിരത്തിയിരുന്നു. എന്നാൽ, പിന്നീട് പാർട്ടി ഈ വിഭാഗത്തെ അവഗണിക്കുന്നു എന്നാണ് ഉയരുന്ന വിമർശനം.
സിപിഐയുടെയും കെപിഎംഎസ് സംഘടനകളുടെയും ശക്തികേന്ദ്രങ്ങളിൽ കെപിഎംഎസ് വിഭാഗത്തിൽപെട്ട സിപിഐ നേതാക്കളെ സ്ഥാനാർത്ഥിയാക്കണം എന്ന വികാരമാണ് ഇപ്പോൾ ഉയരുന്നത്. പി കെ രാഘവന്റെ മകൻ ആർ എസ് അനിലിനെ കെപിഎംഎസ് സമുദായംഗങ്ങൾ ഏറെയുള്ള ചിറയിൻകീഴിലോ വൈക്കത്തോ അടൂരിലോ മത്സരിപ്പിക്കണം എന്ന ആവശ്യമാണ് കെപിഎംഎസുകാർ പങ്കുവെക്കുന്നത്. ആർ എസ് അനിലിന് സീറ്റ് ലഭിച്ചാൽ 2009ലെ തങ്ങളുടെ തെറ്റ് തിരുത്താനുള്ള അവസരമായിരിക്കും അതെന്നാണ് കെപിഎംഎസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. വൈക്കത്ത് നിന്നാണ് അർ എസ് അനിലിന്റെ പിതാവ് പി കെ രാഘവൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വൈക്കത്തെ വിവിധ കെപിഎംഎസ് വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുവാൻ നിലവിൽ തീരുമാനിച്ചിട്ടുമുണ്ട്. പി കെ രാഘവന്റെ മകന് കെപിഎംഎസുകളുടെ പുനരേകീകരണത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന വിശ്വാസവും ഇവർ പങ്കുവെക്കുന്നു. അടൂർ ഉൾപ്പെടുന്ന പഴയ കുന്നത്തൂർ താലൂക്കാണ് പി കെ രാഘവന്റെ ജന്മദേശം. ആർ എസ് അനിലിന്റെ പ്രവർത്തന മണ്ഡലവും ഇതാണ്. നിലവിൽ പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമാണ് ആർ എസ് അനിൽ. അതുകൊണ്ട് തന്നെ അടൂരിലും ആർ എസ് അനിലിന് വിജയം ഉറപ്പാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കഴിഞ്ഞ കുറേ കാലമായി പട്ടികജാതി വിഭാഗങ്ങളോട് സിപിഐ നേതൃത്വം ചിറ്റമ്മനയം തുടരുകയാണെന്ന ആരോപണം ശക്തമാണ്. പട്ടികജാതി വിഭാഗത്തിലെ പല നേതാക്കളും പാർട്ടി വിട്ടുപോകുന്നതും അതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടുനീതിയാണ് പാർട്ടിയിൽ എന്നാണ് ആരോപണം. ഇത് അവസാനിപ്പിക്കണമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ സമുദായത്തിന് അർഹമായ പരിഗണന വേണമെന്നുമാണ് സമുദായത്തിനുള്ളിൽ ഉയരുന്ന വികാരം.











